Business
കൊച്ചി: ആരോഗ്യസ്ഥാപനങ്ങളിൽ നടത്തുന്ന സന്നദ്ധസേവനപ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലേക്ക് ആധുനിക മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ജോയ്ആലുക്കാസ് ഗ്രൂപ്പ്.
ആശുപത്രിയിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് മുഖ്യാതിഥിയായിരുന്നു. ജനറൽ ആശുപത്രികളിൽ കേരളത്തിൽ ആദ്യമായാണ് ഗാസ്ട്രോ എന്ററോളജി വിഭാഗം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ആരംഭിക്കുന്നത്. ഹൈബി ഈഡൻ എംപിയുടെ നിർദേശപ്രകാരമാണ് ജോയ് ആലുക്കാസ് പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിച്ചത്.
മെഡിക്കൽ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ആരോഗ്യരംഗത്തു കാര്യക്ഷമമായ വളർച്ച ആവശ്യമാണെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഇത്തരത്തിൽ സുമനസുകളുടെ പിന്തുണയോടെ നമുക്ക് ആരോഗ്യരംഗത്തു ചരിത്രം സൃഷ്ടിക്കാൻ സാധിക്കുമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ പ്രവർത്തനം ഒട്ടനവധി സാധരണക്കാർക്ക് ഉപകാരപ്രദമാകുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തു കാര്യക്ഷമമായ ഇടപെടലുകളാണ് ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിവരുന്നതെന്നും ലോക കാൻസർദിനത്തിൽ 1000 കാൻസർരോഗികൾക്കു സഹായകരമാകുന്ന പദ്ധതിക്കു തുടക്കംകുറിക്കുകയാണെന്നും ജോയ് ആലുക്കാസ് പറഞ്ഞു. കുട്ടികളുടെ കാൻസർ ചികിത്സയ്ക്കുവേണ്ടി തൃശൂർ കേന്ദ്രീകരിച്ച് ഒരു ജീവകാരുണ്യ ഹോസ്പിറ്റൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ആശുപത്രിയിലെ സ്ഥിതിഗതികൾ നേരിട്ടുമനസിലാക്കിയ അദ്ദേഹം ഗാസ്ട്രോ എന്ററോളജി വിഭാഗത്തിനു ബാക്കി ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് ഉറപ്പ് നൽകി. ഇംഗ്ലണ്ടിൽനിന്നും ഇറക്കുമതിചെയ്ത ആധുനിക ഉപകരണസംവിധാനമാണ് ജനറൽ ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിനു കൈമാറിയത്. ലണ്ടനിലെ 30 വർഷത്തെ ഔദ്യോഗികജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി തികച്ചും സൗജന്യമായി സർക്കാർരംഗത്തു പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചുവന്ന ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. പൗലോസ് ജോർജിനെ ചടങ്ങിൽ അനുമോദിച്ചു.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ, ആർഎംഒ ഡോ. അമീറ, ഗ്യാസ്ട്രോ എന്ററോജിസ്റ്റ് ഡോ. പൗലോസ് ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ സി.സി. രേണുക, എച്ച്ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
District News
പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ ആധുനിക ഡിജിറ്റല്‍ എക്സറേ സൗകര്യം ലഭ്യമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ എക്സ്റേ മെഷീന് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
രണ്ട് സെക്കൻഡുകൊണ്ട് മികവാര്‍ന്ന എക്സ്റേ ചിത്രങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിന്റെ മേന്മ. റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിര്‍മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ എക്സ്റേ സൗകര്യം ലഭ്യമാക്കുവാന്‍ 1000 എംഎ ശേഷിയിലുള്ള ഈ ഉപകരണത്തിന് കഴിയും. ഫുള്ളി ഓട്ടോമേറ്റഡ് റിമോര്‍ട്ട് കണ്ട്രോള് സിസ്റ്റമനുസരിച്ചാണ് പ്രവര്‍ത്തിപ്പിക്കുക.
ആരോഗ്യവകുപ്പിനു കീഴില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഇത്തരമൊരു എക്സ്റേ ഉപകരണം സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാനും ആശുപത്രി മാനേജിംഗ് കമ്മിറ്റി അധ്യക്ഷനുമായ തോമസ് പീറ്റര്‍ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം പറഞ്ഞു. കമ്പനി അധികൃതര്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ് ആശുപത്രികളില്‍നിന്നു ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍നിരക്ക് മാത്രം ഈടാക്കി സൗകര്യം ലഭ്യമാക്കാനും ചെയര്മാന് തോമസ് പീറ്റര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. ഇതിലേക്കായി മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കുമെന്നും ഔപചാരികമായ ഉദ്ഘാടനം അടുത്ത ആഴ്ചയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചെയര്മാന് ആന്റോ പടിഞ്ഞാറെക്കര, മാനേജിംഗ് കമ്മിറ്റി അംഗം ജയ്സണ്‍ മാന്തോട്ടം എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു
Kerala
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആളിനെ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചിരുന്നു. ഇയാൾക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയിൽവച്ച് സംഘർഷമുണ്ടായത്. ഇതിൽ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരിൽ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ജനറൽ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്റെ പരാതിയിൽ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്പനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുൾ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആഴ്ചകൾക്കു മുമ്പ് സംഘർഷത്തിൽ പരിക്കേറ്റയാൾക്ക് അത്യാഹിതവിഭാഗത്തിൽ ചികിത്സ നൽകുന്നതിനിടയിൽ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.
പരിക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.
District News
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ പുതുതായി ചുമതലയേറ്റ സൂപ്രണ്ട് ഡോ. അനില്‍കുമാര്‍ ഫോറന്‍സിക് സര്‍ജനായതിനാല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പുനരാരംഭിക്കാന്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ തീരുമാനം. ഇതിനുള്ള രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാരെ ഡ്യൂട്ടിക്കു നിയോഗിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രവര്‍ത്തിപ്പിക്കാതെ കിടന്നതുമൂലം ആശുപത്രി മോര്‍ച്ചറിയിലെ കേടായ ശീതീകരണ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാന്‍ ഹെല്‍ത്ത് മിഷനില്‍നിന്നും 49.30 ലക്ഷം രൂപ അനുവദിച്ചതായി യോഗത്തില്‍ പങ്കെടുത്ത ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. യൂണിറ്റ് സജ്ജമായിക്കഴിയുമ്പോള്‍ ദിവസം പത്തുപേര്‍ക്ക് ഡയാലിസിസ് നടപ്പാക്കാനാകും. ഒരു ടെക്നീഷനെക്കൂടി നിയമിച്ച് 24മണിക്കൂറും എക്സ്റേ പ്രവര്‍ത്തിപ്പിക്കും.
ഡോക്ടര്‍മാരുടെ മേശപ്പുറത്ത് ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയുടെ ലെറ്റര്‍ ഹെഡുകള്‍ വയ്ക്കാനോ ഇവയില്‍ കുറിപ്പടികള്‍ നല്‍കാനോ പാടില്ല. നിശ്ചിത ലാബുകളുടെ പേരുകള്‍ നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ രോഗികളെ പറഞ്ഞുവിടാനും പാടില്ല.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ കെ.ടി. തോമസ്, ജോസുകുട്ടി നെടുമുടി, സാബു കോയിപ്പള്ളി, ബെന്നി സി. ചീരംചിറ, ജയിംസ് കലാവടക്കന്‍, പി.എന്‍. നൗഷാദ്, പി.ആര്. ഗോപാലകൃഷ്ണപിള്ള, സതീഷ് തെങ്ങുംതാനം, സുധീര്‍ ശങ്കരമംഗലം, നവാസ് ചുടുകാട് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
District News
പത്തനംതിട്ട: ജനറൽ ആശുപത്രി വളപ്പിൽ അപകടാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നിർത്തി. ഇതേ ബ്ലോക്കിലെ എല്ലാ ശസ്ത്രക്രിയാ വിഭാഗങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണ്. ഇതിനൊപ്പം കിടത്തിച്ചികിത്സയും കോന്നിയിലേക്കു മാറ്റപ്പെടും. 414 കിടക്കകളാണ് നിലവിൽ ബി ആൻഡ് സി ബ്ലോക്കിലുണ്ടായിരുന്നത്.
ആശുപത്രിയുടെ പഴയ അത്യാഹിതവിഭാഗം പൊളിച്ചുനീക്കിയതോടെ ഐപി വിഭാഗത്തിലെ കിടക്കകളുടെ എണ്ണം കുറഞ്ഞിരുന്നു. ഈ വാർഡിൽ പ്രവർത്തിച്ചിരുന്ന മൈനർ ഓപ്പറേഷൻ വിഭാഗത്തിലെ ഐപി വിഭാഗം നിലവിൽ ശബരിമല വാർഡിലുണ്ട്. എന്നാൽ ശസ്ത്രക്രിയാ വിഭാഗം ഡോക്ടർമാർ കോന്നിയിലേക്ക് മാറുകയാണെങ്കിൽ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കാൻ ബുദ്ധിമുട്ടാകും.
ഫലത്തിൽ ജനറൽ ആശുപത്രിയിൽ ഒപി, അത്യാഹിത വിഭാഗങ്ങൾ മാത്രമായിരിക്കും ഇനി ഉണ്ടാകുക. ശസ്ത്രക്രിയാ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായാണ് തീരുമാനമെടുത്തിരിക്കുന്നത്.
എല്ലാ വിഭാഗം ഒപിയും ജനറൽ ആശുപത്രിയിൽ തുടരും. ഒപിയിലെത്തുന്നവരിൽ കിടത്തി ചികിത്സ വേണ്ടവരെ കോന്നി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയും ഇനി കോന്നിയിലേക്ക് മാറ്റും.
ഉത്തരവുകൾ വന്നില്ല, അവ്യക്തതകൾ ബാക്കി
ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കാൻ തീരുമാനമുണ്ടായിട്ടു വർഷങ്ങളായെങ്കിലും ഇതിലെ സംവിധാനങ്ങൾ മാറ്റുന്നതിലെ അവ്യക്തത തുടരുകയാണ്. ഇതേവരെ ഉത്തരവുകൾ വന്നിട്ടില്ലെങ്കിലും ആശുപത്രി അധികൃതർ ഇന്നലെ മുതൽ ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
2023 ഡിസംബറിൽ പഴയ അത്യാഹിത വിഭാഗം പൊളിച്ച് പണികൾ തുടങ്ങിയതോടെ ബി ആൻഡ് സി ബ്ലോക്കിന്റെ നില കൂടുതൽ പരുങ്ങലിലാകുകയായിരുന്നു. തുടർന്നാണ് അടിയന്തര നടപടിയെന്നോണം അറ്റകുറ്റപ്പണിക്കു തീരുമാനമുണ്ടായത്. എൻഎച്ച്എം മുഖേന 5.5 കോടിരൂപയും ലഭ്യമാക്കി. നേരത്തെ 2.5 കോടി രൂപയ്ക്ക് എസ്റ്റിമേറ്റെടുത്ത ജോലികൾക്കാണ് പൊടുന്നനെ തുക ഉയർന്നതെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യവകുപ്പിനു കീഴിലുള്ള ജനറൽ ആശുപത്രിയിലെ സംവിധാനങ്ങൾ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്നതും സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകൾ ആശുപത്രി മാറ്റത്തെ അംഗീകരിച്ചിട്ടില്ല. ഡോക്ടർമാരെയും ജീവനക്കാരെയും ഉൾപ്പെടെ മാറ്റണമെങ്കിൽ ഇത് സാങ്കേതിക കുരുക്കുകൾ വർധിപ്പിക്കും. ജനറൽ ആശുപത്രിയിൽ ഒപിയും തുടർചികിത്സ മെഡിക്കൽ കോളജിലുമെന്ന നിർദേശവും പ്രായോഗികമല്ലെന്ന് പറയുന്നു. ഇതിലെല്ലാം ഡോക്ടർമാർ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
17 കിലോമീറ്റർ അകലെ കോന്നി മെഡിക്കൽ കോളജിലേക്ക് തുടർചികിത്സയ്ക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നും വ്യക്തമല്ല. ഒപിയിലെത്തുന്നവരിൽ കിടത്തിച്ചികിത്സ വേണ്ടവരെ മെഡിക്കൽ കോളജിലെത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന നിർദേശം പ്രാവർത്തികമാക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടായിട്ടില്ല. ഒപി ഇവിടെ തുടരുന്ന സാഹചര്യത്തിൽ തുടർചികിത്സ വേണ്ടവരെ പരിശോധിക്കാനും ശസ്ത്രക്രിയകൾക്കും ജനറൽ ആശുപത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മെഡിക്കൽ കോളജിലേക്ക് എത്തിക്കാനും ക്രമീകരണം വേണ്ടിവരും.
സാധനങ്ങൾ താഴെയിറക്കാൻ എൻഎച്ച്എം ഫണ്ട്
ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം താഴെ എത്തിക്കുന്നത് എൻഎച്ച്എം ഫണ്ടുപയോഗിച്ച്. ഇതുമായി ബന്ധപ്പെട്ട അനുമതി എൻഎച്ച്എമ്മിൽനിന്നു ലഭിക്കാൻ വൈകിയതോടെയാണ് നടപടിക്രമങ്ങൾ വൈകിയത്. എട്ടു ലക്ഷം രൂപയാണ് എൻഎച്ച്എം ഇതിനായി നൽകുന്നത്.
എച്ച്എംസി യോഗം കൂടി തീരുമാനങ്ങളെടുക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾ തുടരുന്നതിനിടെ 21 മുതൽ അറ്റകുറ്റപ്പണികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കരാറുകാർ. ഉത്തരവിറങ്ങിക്കഴിഞ്ഞാൽ എച്ച്എംസി കൂടി തീരുമാനമെടുക്കേണ്ടതുണ്ട്.